Featured Post

Monday, April 7, 2014

കോഴിക്കട


സത്യം പറഞ്ഞാ ഇപ്പോഴും അത്രയ്ക്കങട് വിശ്വാസായില്ല. ഇതിന്റെ മുന്നിലൂടെ പോകുമ്പ ഇതിനകത്ത് കേറി കോഴീടെ കാല് കടിക്കാമെന്ന് ഒട്ടും വിചാരിച്ചേല്ല. ഇപ്പോ അതും തരായി. ഈ കട തൊടങ്ങീട്ട് അധികോന്നുമായില്ല. പക്ഷേങ്കീ തൊടങ്ങീപ്പോ മൊതല് എന്തൊരു ജനാ ഇതിനകത്തോട്ട് തള്ളികേറണത്.. കൂടുതലും കുട്ട്യോളാ.. പെമ്പിള്ളേരും ആമ്പിള്ളേരും കൂടി വര്‍ത്താനോം പറഞ്ഞ് കൊഴഞ്ഞ് മറിഞ്ഞ് പോകുന്ന കാണുമ്പ ചൊറിഞ്ഞങ്ങട് വരും.. എന്തൊരു വേഷാ ഇവളുമാരുടേത് തൊടേം കാണിച്ച്.. ഹൊ.. നമ്മുടെ അപ്പനുമമ്മേം ആയിരുന്നെങ്കീ ചാണത്തീ ചൂല് മുക്കി ചന്തിക്കടിച്ചേനെ. പറഞ്ഞു വന്നത് വേറേണ്.. ആ കോഴിക്കാല്.

നുമ്മടെ മാനേജര്‍ സാറിന് കെ.എസ്.എഫീലെ കുറി വീണപ്പോ ഏറ്റതാ പുതിയ കോഴിക്കടേല് കൊണ്ടുപോകാന്ന്. ഞങ്ങ നാലഞ്ച് പേരൊണ്ടായിരുന്നു. സാറും മോഹന്‍ സാറും വണ്ടീല് പോന്നു. സാറ് പറഞ്ഞതാ എല്ലാര്‍ക്കും കൂടി ഓട്ടോല് പോകാന്ന്.. അപ്പ ജോര്‍ജ് സാറാ പറഞ്ഞത് കൊറച്ച് നടന്നാ മതീലോ ഞങ്ങ നടന്നുവന്നേക്കാന്ന്. ജോര്‍ജ് സാറ് ചെറുപ്പാ. ചോരത്തിളപ്പല്ലേ.. ഈ നട്ടപ്രാ വെയിലത്ത് .. ഹാ എന്തായാലെന്താ ഈ കടേടകത്തോട്ട് കേറാന്‍ പറ്റീല്ലേ. നമ്മളെ പിന്നെ ആര് കൊണ്ടോകാനാ. കൊണ്ട്പൊകേണ്ടയാള്‍ പോയില്ലേ.. നല്ല മനുഷ്യനാര്‍ന്ന്. പെട്ടെന്നാണ് നെഞ്ചില് വേദന വന്നത്. ജോലിം കഴിഞ്ഞ് അപ്പ വന്നേര്‍ന്ന്.. ഒടനെതന്നെ നമ്മടെ സ്കറിയ ഡോക്ടറിന്റെ ആശൂത്രീലോട്ട് കൊണ്ടുപോയി. അവര് ഏതാണ്ടക്ക നോക്കി ഇഞ്ചക്ഷനുമെടുത്തു. പക്ഷേ രാത്രിയായപ്പ പുള്ളീടെ വെപ്രാളോം പരവേശോം കൂടി. ആദ്യം ഒരു വശം തളര്‍ന്നു. പിന്നീട് കാല് രണ്ടും അനക്കാന്‍ മേലാതായി. പുള്ളിക്കാരന്റെ മക്കള്‍ അവിടെക്കിടന്ന് ഒച്ചേം ബഹളോം വെച്ച് മെഡിക്കല്‍ കോളേജിലോട്ട് കൊണ്ടുപോയി.. എന്തു ചെയ്യാനാ.. അവിട എത്തിയപ്പോ ആളു പോയി. പക്ഷേങ്കീ ഞാന്‍ ഡോക്ടറോട് ചോദിച്ച്.. അവിടത്തെ ആശൂത്രീക്കാര് പറ്റിച്ച പണിയല്ലേ ഇതന്ന്.. പുള്ളി ഒന്നു നോക്കീട്ട് എന്നോട് പറഞ്ഞ് ഇത്രേം ഒണ്ടായിരുന്നൂള്ളന്ന് വിചാരിക്കാന്‍. പോയതാര്‍ക്ക് പോയി. എനിക്ക്. അന്നു മുതല് ഒറ്റക്കാ. ‍

കടേടകത്തോട്ട് കേറീപ്പോ തന്നെ ചൂടൊക്കെ ഒലിച്ചുപോയപോലെ. എന്തൊരു തണുപ്പാ. ഐസിലിട്ട മാതിരി. ജോര്‍ജ് സാറ് ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടത്രേ. അതോണ്ട് പുള്ളിക്കാരന്‍ പോയാണ് പൈസ കൊടുത്ത് സാധനോക്കെ വാങ്ങീത്. അവിടെ എടുത്തുതരാന്‍ നിക്കണതൊക്കെ ഊമകളാണത്രേ. അവരുടെ പിറകിലെ ഗ്ലാസിനകത്ത് നെറച്ചും കോഴിക്കാലാ.. പാവം മിണ്ടാപ്രാണികള്. .. കൊന്നാ പാപം തിന്നാ തീരൂല്ലോ.

കഥ പറഞ്ഞ്നിന്നാ കാര്യം നടക്കൂല്ല. മണി ഒമ്പതരേയി. കൗണ്ടറ് തൊടക്കണം. കക്കൂസ് കഴുകണം. ചായയിടണം. ചായയിടണ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് ഇപ്പോ നാലഞ്ച് ചായയിട്ടാ മതി. പണ്ടൊക്കെ പത്തുപതിനഞ്ച് ചായയിടണോര്‍ന്ന്. പോയ്പ്പോയി ഇപ്പോ ഞങ്ങ അഞ്ച് പേര് മാത്രം. ഇപ്പ കംപ്യൂട്ടറീ കുത്തിയാ മതിയത്രേ. എല്ലാം അതിനകത്തോണ്ടന്ന്. ഇനി മാനേജര്‍ മാത്രോകാതിരുന്നാ മതിയാര്‍ന്ന്. ചൂലും കൂടി എടുക്കാന്‍ പുളളി റെഡിയാണങ്കി നമ്മ പുറത്ത്.

ഇന്നലെ ഊണ് കഴിച്ചോണ്ടിരിക്കുമ്പ രാധ സാര്‍ പറേണ് അവരെ രാത്രി ആരോ ഫോണീ വിളിച്ച് അസഭ്യം പറഞ്ഞന്ന്. രാത്രി ഒരു മണിക്കേ... സാറിനൊന്നും മനസ്സിലായില്ലത്രേ.. ഒറക്കപ്പിച്ചായിരുന്നൂന്ന്..പുള്ളിക്കാരി ഒറ്റക്കാ ഒരു മോളൂണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാ.. ഈ ചെറുക്കന്മാര്‍ക്കൊക്കെ എന്തിന്റെ കേടാ പാതിരാത്രി ഒറക്കമൊഴിച്ച് പെണ്ണുങ്ങളെ വിളിക്കാന്‍. വല്ല ശിവരാത്രിയായിരുന്നങ്കി പുണ്യോങ്കിലും കിട്ടിയേനെ. ഓ ബെല്ലടിക്കണ്.. മാനേജര്‍ സാര്‍ വന്നേക്ക്ണ് . ബാക്കി വന്നിട്ട് പറ്യാ കേട്ടോ