Featured Post

Saturday, May 30, 2015


റിവ്യൂ


A tale of two women' എന്ന ടാഗ് ലൈനി'ല്‍ പുറത്തിറങ്ങിയ 'നീ-' എന്ന ചലച്ചിത്രം നീന-നളിനി (ദീപ്തി സതി - ആന്‍ അഗസ്റ്റിന്‍) എന്നീ ദ്വന്ദ്വ വ്യക്തിക്ത്വങ്ങളുടെ മനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ ഇതള്‍വിടര്‍ത്തുന്നു. ഒപ്പം 'നീ-'യുടെ ഇടയിലെ 'ഹൈഫണ്‍' പോലെ ഭാര്യയുടെയും കാമുകിയുടെയും ഇടയില്‍പ്പെട്ടുഴലുന്ന വിനയ് പണിക്കര്‍ (വിജയ് ബാബു) എന്ന വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളും അനാവരണം ചെയ്യുന്നു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നിന്നാരംഭിക്കുന്ന ചിത്രം ഫ്ളാഷ് ബാക്കിലൂടെ ചുരുള്‍ നിവരുന്നതും അവസാനിക്കുന്നതും അവിടെതന്നെ. ഈശ്വരകൃപയില്‍ വിശ്വസിക്കുന്ന ലാല്‍ജോസ്, കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നും ചിത്രം ആരംഭിക്കുന്നു. ഒരു അഡ്വര്‍ടൈസ്‌മെന്റ് ഏജന്‍സിയുടെ മുബൈ ഓഫീസില്‍ ജോലി ചെയ്യുന്ന വിനയിന്റെയും ഭാര്യ നളിനിയുടെയും അവരുടെ കുട്ടിയുടെയും മുബൈയിലെ ജീവിതാവസ്ഥയും ദാമ്പത്യത്തിന്റെ ഇഴയടുപ്പവും ഈ സീനില്‍ സംക്രമിപ്പിച്ചിരിക്കുന്നു (ആസ്വാദ്യകരമായ സെക്സ് ഒരിക്കലും ബലാല്‍സംഗത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നില്ല എന്നത് മുംബൈയിലെ അവസാനത്തെ രാത്രിയില്‍ നളിനിയുടെ തേജസ്സുറ്റ മുഖത്തെ മായാത്ത കുങ്കുമം പറയാതെ പറയുന്നു) കാലഗണനയും സ്ഥലഗണനയും ഒറ്റ ഷോട്ടിലൂടെ, ഒറ്റ സംഭാഷണത്തിലൂടെ വ്യക്തമാക്കിത്തരുന്നു; ഇവിടെ. നന്ദി ജോ ആന്റ് വേണു.
വിനയിന്റെ ആഗ്രഹപ്രകാരം മുബൈ എന്ന വലിയ കുളത്തിലെ ചെറിയ മീന്‍ കൊച്ചി എന്ന ചെറിയ കുളത്തിലെ വലിയ മീനാകാന്‍ എത്തുന്നു. ഹെഡോഫീസിലെ വര്‍ഷാന്ത്യക്കണക്കുകളില്‍ താന്‍ ചുമതല വഹിക്കുന്ന കൊച്ചി ഓഫീസിനെ ഉന്നതിയിലെത്തിക്കുവാനാഗ്രഹിക്കുന്ന ഒരു 'ബിസിനസ് ഹെഡ്' തന്റെ ഓഫീസിലെ ഏറ്റവും ക്രിയേറ്റീവ് ആയ 'തല' നീനയുടേതാണെന്ന് ആദ്യ ദിവസം തന്നെ തിരിച്ചറിയുന്നു. കാര്യപ്രാപ്തിയുള്ളവരെ കൂടെനിര്‍ത്തുന്നതിന് കമ്പനികള്‍ സദാ സന്നദ്ധരായിരിക്കും; അതിന് കൊടുക്കേണ്ട മൂല്യം എത്ര വലുതായാലും. (ഔട്ട്പുട്ടിനേക്കാള്‍ മുകളിലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവയ്ക്കുന്നു). അതുകൊണ്ടുതന്നെയാവണം ആദ്യ ഗെറ്റ് റ്റുഗതറില്‍ തന്നെ ഏവരാലും അവഗണിക്കുന്ന നീനയിലേയ്ക് വിനയിന്റെ സഹായഹസ്തം നീളുന്നത്. ഇടിക്കുള സില്‍ക്സിന്റെ പരസ്യബിസിനസ് അവിചാരിതമായി ലഭിക്കുന്നതിലൂടെ കമ്പനിയുടെ നിലനില്‍പ്പിന് നീന എത്രത്തോളം അവിഭാജ്യഘടകമാണെന്ന തിരിച്ചറിവും നീനയ്ക്ക് വിധേയനാവാന്‍ വിനയെ പ്രേരിപ്പിക്കുന്നുണ്ട്. വീക്ഷണങ്ങള്‍ വ്യക്ത്യാധിഷ്ഠിതവും അതു കല്‍പ്പിക്കുന്ന ഭാവനാലോകം വിശാലവുമാണ്. ഒരാള്‍ക്കത് പ്രേമമാകുമ്പോള്‍ മറ്റൊരാള്‍ക്കത് നിലനില്‍പ്പാണ്.
അവിടെ നിന്നാരംഭിക്കുന്ന സൗഹൃദം വിനയിന്റെ ദാമ്പത്യത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ പോന്ന പ്രേമബന്ധമായി വളരുന്നു. പ്രേമം വള്ളിച്ചെടിപോലെയാണ്. തന്നോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിന്റെ ഗുണമോ ഗണമോ മണമോ ബലമോ നോക്കാതെ, ഏതോ നിര്‍വൃതിയിലെന്നവണ്ണം പടര്‍ന്നുകയറുന്നു.
എല്ലാം നളിനിയുമായി പങ്കുവെക്കുന്ന വിനയ് നീനയെ അവളുടെ എല്ലാ സ്വഭാവവൈചിത്ര്യത്തോടും കൂടി അവതരിപ്പിക്കുന്നു. ഒരിക്കല്‍ കോഫീ ഷോപ്പില്‍ ക്ഷണിച്ച് നീനയുമായി സൗഹൃദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നളിനിയോട് 'we have nothing in common' എന്ന് പറഞ്ഞ് ആ സൗഹൃദം മുളയിലേ നുള്ളുന്നുണ്ട് നീന. ഇതേ വാക്കുകള്‍ തന്നെ നളിനിയും ഉപയോഗിക്കുമ്പോള്‍ അവളുടെ ആത്മവിശ്വാസവും തന്റെ ഭര്‍ത്താവിലുള്ള വിശ്വാസവും തീവ്രവും സ്തോഭജനകവുമായി അനുഭവവേദ്യമാകുന്നു; നീനയ്ക്ക് അതിന്റെ പൊരുള്‍ പിടികിട്ടിയെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് പ്രകടമാകുമ്പോള്‍ പ്രേക്ഷകര്‍ക്കതൊരു നവ്യാനുഭവമാകുന്നു. കൈവിട്ടു കൊടുത്തതിനുശേഷം പരിതപിക്കുന്നതിലല്ല കൂടെനിര്‍ത്തി പരിലാളിക്കുന്നതിലും അവരെ പശ്ചാത്താപവിവശരാക്കുന്നതിനുമാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടതെന്ന നളിനിയുടെ 'തത്വശാസ്ത്രം' വീട്ടുജോലിക്കാരോടുള്ള ഉപദേശത്തില്‍ നിന്നും വ്യക്തമാണ് (വീട്ടുജോലിക്കാരിയുടെ അമിതാഭിനയവും ഡബ്ബിംഗിന്റെ പാളിച്ചയും മുഴച്ചുനിന്നു) ഇവിടെ നളിനി അബലയല്ല. കരയുന്നുമില്ല. പിന്നീട് ഡീ-അഡിക്ഷന്‍ സെന്ററില്‍ വിനയിനെ കാണാനെത്തുമ്പോള്‍ ഡോ. പേളിന്റെ സംഭാഷണം കേള്‍ക്കാനിടവരുന്ന സന്ദര്‍ഭത്തില്‍ താന്‍ അത്രനാളും കൊണ്ടുനടന്ന ആത്മവിശ്വാസവും ഭര്‍ത്താവിലുള്ള വിശ്വാസവും കണ്ണീരിലലിഞ്ഞുപോകുന്നു. (ടെന്‍ഷന്‍ വരുമ്പോള്‍ ഭക്ഷണത്തോട് ആര്‍ത്തി കാണിക്കുന്നവരുണ്ടോ? ഇതൊരു പുതിയ അറിവാണ്)
തന്റെ പ്രേമം ഏകപക്ഷീയമാണെന്നും അത് സാര്‍ത്ഥകമാവില്ലെന്നുമുള്ള നിരാശയില്‍ നിന്നുദിക്കുന്ന, ജീവിതമുപേക്ഷിക്കാനുള്ള തീരുമാനം നീനയെ ആശുപത്രിയിലേയ്ക്കും അവിടെനിന്നും ഡീ-അഡിക്ഷന്‍ സെന്ററിലുമെത്തിക്കുന്നു. മറ്റാരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ വിനയിന് അവിടെ അവളുടെ ബൈ-സ്റ്റാന്ററാവേണ്ടിവരുന്നു. ദമ്പതിമാരെപ്പോലെ അവര്‍ ഒരു മുറിയില്‍ കഴിച്ചുകൂടുന്നു. സൗഹൃദത്തിനപ്പുറത്തേയ്ക്ക് ഒരു നോട്ടം പോലും വീഴാന്‍ അനുവദിക്കാത്ത വിനയിന്റെ മനഃസ്ഥൈര്യം ഒരു നിമിഷം ദുര്‍ബലമായിപ്പോകുന്ന അവസ്ഥവരെ എത്തുന്നു. (ഈ ദുര്‍ബലത പക്ഷേ അസമയത്തായിപ്പോയോ എന്ന് സംശയം. സണ്ണിയോട് നീന അടുക്കുന്നു എന്ന് വിനയിന്റെ തോന്നലിനെ പിന്‍പറ്റിയായിരുന്നു ആ സീനെങ്കില്‍ കുറേക്കൂടി യുക്തിസഹമായേനെ). മദ്യത്തോടും സിഗരറ്റിനോടുമുള്ള ആസക്തി കുറയുംതോറും തന്നില്‍ നിന്നും നീന അകന്നു പോകുന്നുവെന്നു മനസ്സിലാക്കുന്ന വിനയ് അവള്‍ക്ക് സിഗരറ്റ് നല്‍കാന്‍ ശ്രമിച്ച് പരാജയപ്പെട്ടുപോകുന്ന അവസ്ഥ വരെ എത്തുന്നു. സ്നേഹം ചിലപ്പോള്‍ അങ്ങനെയാണ് കിട്ടാതാകുമ്പോള്‍ തേടിപ്പോകും. തേടിയെത്തുമ്പോള്‍ തട്ടിക്കളയുകയും ചെയ്യും.
ഒടുവില്‍ ഡോ. പേള്‍ പറഞ്ഞതുപോല, നളിനിയില്‍ തന്നെ വിനയ് ആശ്രയവും ആശ്വാസവും കണ്ടെത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു.
മനോഹരമായ സീനുകളിലൊന്ന്: ഡീ അഡിക്ഷന്‍ സെന്ററില്‍ വച്ച് സണ്ണി നീനയ്ക്ക് കോടുത്ത സിഗററ്റ് ഉപേക്ഷിക്കാന്‍ വിനയ് പറയുന്നത് അനുസരിക്കാതെ മുറിയില്‍ കയറി ആ സിഗററ്റ് നശിപ്പിച്ചുകളയുന്നത്. മനസ്സിന്റെ അവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതയും പ്രതിഫലിപ്പിക്കാന്‍ സംഗീതത്തിന് എത്രത്തോളം കഴിയുമെന്ന് ബിജിപാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു; ചിത്രത്തിലുടനീളവും ഈ സീനില്‍ പ്രത്യേകിച്ചും.
ലഹരിക്കടിപ്പെട്ട നീനയുടെ വികാരരഹിതമായ മുഖം ദീപ്തി ഭാവതീവ്രമാക്കിയിരിക്കുന്നു. മിതത്വം ആവശ്യപ്പെടുന്ന വിനയിനെ കഥാപാത്രം വിജയുടെ കൈയിലും നളിനിയുടെ പ്രകാശാത്മകവും കുലീനവുമായ വീട്ടമ്മയുടെ കഥാപാത്രം ആനിന്റെ കൈയിലും ഭദ്രം. ജോ-യുടെ ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
വിനയ് - നീന ബന്ധത്തിന് നീന കല്‍പ്പിക്കുന്ന ആഴവും തീവ്രതയും ദൃശ്യവല്‍ക്കരിക്കുവാന്‍ സംവിധായകന്‍ അല്‍പ്പം കൂടി പരിശ്രമിച്ചിരുന്നുവെങ്കില്‍ നീനയുടെ പ്രേമ-വിരഹങ്ങള്‍ നമ്മുടെ ഹൃദയത്തെ തരളിതവും ഒരേപോലെ അസ്വസ്ഥമാക്കുകയും ചെയ്യുമായിരുന്നു; അതുപോലെ നീന പറയുന്നതുപോലെ നീനയെന്ന പേരും ആ മുഖവും പെട്ടെന്നൊന്നും മറക്കാനുമാകുമായിരുന്നില്ല.